തിരുവനന്തപുരം: സംസ്ഥാനത്തു നിന്ന് ലോണ്‍ ആപ് സംഘം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തട്ടിയെടുത്തത് 70 കോടിയിലേറെ രൂപയെന്ന് പോലീസ് റിപ്പോർട്ട്. ലോണ്‍ ആപ് കെണിയുമായി ബന്ധപ്പെട്ട് 1500ഓളം പരാതികളാണ് പോലീസിന്റെ സൈബർ വിഭാഗത്തിനു ലഭിച്ചത്. പരാതികളിൽ ഏറെയും മലപ്പുറം ജില്ലയിൽ നിന്നാണ്. പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽനിന്നും നിരവധി പരാതികൾ ലഭിക്കുന്നുണ്ട്.
ഇരകളാകുന്നതിൽ ഭൂരിഭാഗം പേരും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നോക്കുന്നവരാണ്. ചെറിയ ശന്പളമുള്ളവരും സാന്പത്തിക ബുദ്ധിമുട്ടു നേരിടുന്നവരുമാണ് ലോണ്‍ ആപ്പിന്റെ കുരുക്കിൽ പെടുന്നത്. ഇരകളാകുന്നവരിൽ 20 ശതമാനം പേർ വീട്ടമ്മമാരാണ്. വ്യാപാരികൾ, ഓട്ടോ- ടാക്സി ഡ്രൈവർമാർ, വിദ്യാർഥികൾ തുടങ്ങിയവരും ആപ്പിൽനിന്നു വായ്പയെടുത്ത് കെണിയിൽപ്പെടുന്നുണ്ട്.
18 ശതമാനം വരെ പലിശ ഈടാക്കിയാണ് ഇവർ വായ്പയെടുത്തവരെ പിഴിയുന്നത്. തിരിച്ചടവു മുടങ്ങിയാൽ തുടർച്ചയായ ഭീഷണിയാണ് ആദ്യഘട്ടം. പിന്നീട് മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള ബ്ലാക്ക്മെയിലിംഗിലേക്കു കടക്കും. ഇത്തരം ഭീഷണിയിൽ ജീവിതം അവസാനിപ്പിക്കുന്നവരും ഏറെയാണ്. പലരും കേസുമായി മുന്നോട്ടു പോകുന്നില്ലെന്നാണ് പോലീസ് അധികൃതർ പറയുന്നത്. എന്നാൽ, പലപ്പോഴും പരാതി നൽകിയാൽ പോലീസിന്റെ കൃത്യമായ സഹായം ലഭിക്കാറില്ലെന്ന വിമർശനവുമുണ്ട്.
ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട് ബിഹാർ, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതൽ ഇടപാടുകളും നടത്തുന്നത്. പണത്തിന് അത്യാവശ്യമുള്ളവരാണ് വേഗത്തിൽ പണം ലഭിക്കാൻ ലോണ്‍ ആപ്പുകളെ ആശ്രയിക്കുന്നത്. ബാങ്കുകളിൽ മാസങ്ങൾ നീളുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകാതെ മൊബൈൽ ഫോണ്‍ വഴി വേഗത്തിൽ വായ്പ ലഭിക്കുമെന്നതാണ് ഇതിലെ പ്രത്യേകത.
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിനു പിന്നിൽ ലോണ്‍ ആപ്പുകളുടെ ഭീഷണിയും കാരണമാണെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിനു പിന്നാലെയാണ് ലോണ്‍ ആപ്പുകൾക്കെതിരേ പോലീസ് നടപടി ശക്തമാക്കിയത്.